NEWS

കണ്ണൂര്‍: രാഷ്ട്രപതിയില്‍ നിന്ന് ധ്യാന്‍ചന്ദ് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം കണ്ണൂരിലെത്തിയ ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ കെ.സി. ലേഖയ്ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ദയ അക്കാദമിയും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും ചേര്‍ന്ന് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. രാവിലെ 7.30ന് കണ്ണൂരിലെത്തിയ ലേഖയെ ദയ അക്കാദമി സംഘത്തിന്റെ ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, ജില്ലാ പ്രസിഡന്റ് കെ. പവിത്രന്‍ മാസ്റ്റര്‍, ദയ അക്കാദമി സെക്രട്ടറി കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ലേഖയെ പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു.

ആജീവനാന്ത കായികമികവിനുള്ള ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ കണ്ണൂര്‍ സ്വദേശി കെ.സി. ലേഖയുടെ പിന്മുറക്കാരെ നമുക്ക് വീണ്ടും സൃഷ്ടിക്കാന്‍ സാധിക്കണമെന്ന് ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

കൃത്യമായ ലക്ഷ്യവും അത് നേടാനുള്ള കഠിനപ്രയത്‌നവുമാണ് ഒരാളെ മികച്ച വിജയത്തിലെത്തിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കെ.സി. ലേഖ പറഞ്ഞു. ഇതുതന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ സന്ദേശം. അതിനായിരിക്കട്ടെ നിങ്ങളുടെ ഇനിയുള്ള പരിശ്രമങ്ങള്‍ ലേഖ കൂട്ടിച്ചേര്‍ത്തു. ഒ.കെ. വിനീഷ്, കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത്് പാട്യം, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പ്രമോദന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ നിക്കോളസ്, കോച്ചുമാരായ സിജിന്‍, കുര്യാക്കോസ്, എയ്ഞ്ചല്‍, സുധീഷ്, ദയ അക്കാദമി പ്രവര്‍ത്തകരായ കെ. സന്തോഷ്, വി. നജീഷ്, ടി.വി. സിജു, എന്‍. ശ്രീശന്‍, രതീശന്‍ കണിയാങ്കണ്ടി, ഷജില്‍ ഹരിദാസ്, പി.യു. സൂരജ്‌ എന്നിവര്‍ക്ക് പുറമെ വിവിധ സ്‌പോര്‍ട്‌സ് താരങ്ങളും തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.