NEWS

അഴീക്കോട്: ജാതിമത ഭേദമന്യേ ഏറ്റവും നല്ല സൗഹൃദം തുടങ്ങുന്നത് ഗ്രൗണ്ടില്‍ നിന്നാണെന്നും അതിനായി ഓരോ പഞ്ചായത്തിലും സര്‍ക്കാര്‍ അധീനതയിലുള്ള കാടുപിടിച്ച സ്ഥലങ്ങള്‍ കളിസ്ഥലങ്ങളാക്കണമെന്നും സിനിമാതാരം ജയസൂര്യ പറഞ്ഞു. അഴീക്കോട് ദയ അക്കാദമിയുടെ ഫുട്‌ബോള്‍ ടര്‍ഫിന്റെയും രണ്ടാമത് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവന്‍ അവനെ തന്നെ കണ്ടെത്തുന്നതും കളിക്കളത്തില്‍ നിന്നാണ്. അതിന് സൗകര്യമൊരുക്കാന്‍ സമൂഹം കൂടെയുണ്ടാകണം. ഒരു കുട്ടിയെയല്ല, ഒരു തലമുറയെ അപ്പാടെ മാറ്റിയെടുക്കാനാണ് ദയ അക്കാദമി ശ്രമിക്കുന്നതെന്നും അതിന് എല്ലാവരും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡുകള്‍ തനിക്ക് ലഭിച്ച ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ കണ്ണൂരിന്റെ പശ്ചാത്തലത്തിലായിരുന്നു. കണ്ണൂര്‍ സ്വദേശിയും ഇന്ത്യന്‍ ഫുട്‌ബോള്‍താരവുമായിരുന്ന വി.പി. സത്യന്റെ ജീവിതകഥപറഞ്ഞ സിനിമയാണ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ കണ്ണൂരിനോട് ഒരു ഇഷ്ടക്കൂടുതലുണ്ടെന്നും താരം പറഞ്ഞു.

ചടങ്ങില്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ നടന്‍ ജയസൂര്യയെ കെ.വി. സുമേഷ് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു.